സില്‍വര്‍ലൈന്‍ പുനരധിവാസപാക്കേജായി, ഭൂമിയും വീടും പോയാല്‍ തുക ഇങ്ങനെ
തിരുവനന്തപുരം: കെ - റെയില്‍ നടപ്പാക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗറയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസപാക്കേജായി.
വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താല്‍, അതിദരിദ്രരായ ആളുകള്‍ക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങള്‍ക്കും, വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാല്‍ എത്ര രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാര്‍ത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.
പുനരധിവാസപാക്കേജ് ഇങ്ങനെയാണ്:
വീട് നഷ്ടപ്പെട്ടാല്‍ - നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കില്‍, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയില്‍ വീട്
വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രര്‍ക്ക് - നഷ്ടപരിഹാരം + 5 സെന്റ് ഭൂമി + ലൈഫ് മാതൃകയില്‍ വീട് അല്ലെങ്കില്‍, നഷ്ടപരിഹാരം + 5 സെന്റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കില്‍, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും)
വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ - നഷ്ടപരിഹാരം + 50,000 രൂപ
വാടകക്കെട്ടിടത്തിലാണെങ്കില്‍ - 2 ലക്ഷം രൂപ
വാസസ്ഥലം നഷ്ടമായ വാടകക്കാര്‍ക്ക് - 50,000 രൂപ
കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാല്‍ - 25,000 - 50,000 രൂപ വരെ
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.
അതേസമയം, പദ്ധതിയെ എതിര്‍ത്ത് പരസ്യമായിത്തന്നെ രംഗത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠനത്തിന് തുടക്കമിടുകയാണ്. റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് പരിഷത്തിന്റെ പഠനം. റിപ്പോര്‍ട്ട് ലഘുലേഖയായി പൊതുജനങ്ങളിലേക്കെത്തിക്കും.
ഒരു ഭാഗത്ത് കെ റെയിലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം. എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സിപിഎം. ഇതിനിടെയാണ് വിശദമായ പാരിസ്ഥിതിക ആഘാത പഠനത്തിന് ഇടത് പക്ഷത്തോടൊപ്പമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കമിടുന്നത്. പദ്ധതി അപ്രായോഗികമെന്നും അശാസ്ത്രീയമെന്നും നേരത്തെ തന്നെ നിലപാടെടുത്ത പരിഷത്ത് ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുളള പഠനമാണ് ലക്ഷ്യമിടുന്നത്.
ഡിപിആര്‍ സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെ പദ്ധതിയെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ അതിരടയാള കല്ലുകള്‍ ഇട്ടതിന് നൂറുമീറ്റര്‍ വീതിയില്‍ ഇരുവശത്തുമുളള വീടുകള്‍, ജൈവവൈവിദ്ധ്യങ്ങള്‍, തോടുകള്‍ തുടങ്ങിയവ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പ്രത്യേക സോഫ്റ്റ് വെയറില്‍ ക്രോഡീകരിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ എണ്ണിപ്പറഞ്ഞ റിപ്പോര്‍ട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് വരുന്നതോടെ റെയില്‍ ശൃംഖലയില്‍ സംഭവിക്കാവുന്ന സാമ്പത്തിക തകര്‍ച്ചയും ആദ്യ റിപ്പോര്‍ട്ടിലുണ്ട്. പാരിസ്ഥിതിക ആഘാതത്തോടൊപ്പം സാമ്പത്തിക ആഘാതം കൂടി വിശദമായ ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ പോലും വിശദമായ പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്ന വസ്തുത നിലനില്‍ക്കേ, പരിഷത്ത് പഠനവുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് സമ്മര്‍ദ്ദമേറ്റുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് മുഖ്യമന്ത്രി ജനങ്ങളോട് സംവദിക്കുന്ന പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പൗരപ്രമുഖരെയും സാമുദായിക നേതാക്കളെയും ക്ഷണിച്ചുകൊണ്ട് വിപുലമായിത്തന്നെ നടത്തുന്ന ആദ്യപരിപാടി.