തിരുവനന്തപുരം: ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള കോണ്‍?ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടില്‍ സിപിഎം. മാത്യു കുഴല്‍നാടന്‍ ആദ്യം വ്യക്തമായ വിശദീകരണം നല്‍കണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം നിലപാട്. ചിന്നക്കനാലില്‍ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.
മാത്യുവിന്റെ അഭിഭാഷക കമ്പനിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഏറെക്കുറെ തൃപ്തികരമാണ്. എന്നാല്‍ ചിന്നക്കനാലിലെ വസ്തു വാങ്ങിയതില്‍ മാത്യുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സിപിഎം നിലപാട്. ന്യായ വിലയുടെ അടിസ്ഥാനത്തില്‍ അല്ല ഭൂമികച്ചവടം നടക്കാറുള്ളത്. പഴയ കെട്ടിട വിവരം മറച്ചു വെച്ചതിലെ വിശദീകരണവും തൃപ്തികരമല്ലെന്നും സിപിഎം പറയുന്നു. താമസയോ?ഗ്യമായ കെട്ടിടം വാങ്ങി പിന്നീട് റിസോര്‍ട്ടാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ടൊന്നും മാത്യു കുഴല്‍നാടന്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വിശദീകരണം നല്‍കിയാല്‍ വെല്ലുവിളി ഏറ്റെടുക്കാമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പ്രതിരോധത്തിലാവുകയാണ്. തന്റെ കമ്പനിയുടെ കണക്ക് പുറത്ത് വിടാം, വീണ വിജയന്റെ എക്‌സാലോജികിന്റെ കണക്ക് പുറത്തുവിടണമെന്നാണ് മാത്യു കുഴല്‍നാടന്‍ ഇന്നലെ പത്ര സമ്മേളനം നടത്തി വെല്ലുവിളിച്ചത്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മാത്യു കുഴല്‍നാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം കൂടെ വരുമ്പോള്‍ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയര്‍ത്തിയാകും എംഎല്‍എ അന്വേഷണത്തെ നേരിടുക.
മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴല്‍നാടന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴല്‍നാടന്‍ വ്യക്തിപരമായി ആരോപണങ്ങളുയര്‍ത്തി മുന്നോട്ട് പോയി. മാത്യുവിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും ഏത് അന്വേഷണവും മാത്യു കുഴല്‍നാടന്‍ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും അദ്ദേഹം പറഞ്ഞു.