ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഉടന്‍;
സതീശനും സുധാകരനും ഇന്ന് ഡല്‍ഹിയ്ക്ക്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടി സംബന്ധിച്ച് ഇന്ന് തലസ്ഥാനത്ത് അവസാനവട്ട കൂടിയാലോചനകള്‍. പല ജില്ലകളിലും നിലവില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. പട്ടിക ഒരു ജില്ലയ്ക്ക് ഒരാള്‍ എന്ന നിലയില്‍ പരിമിതപ്പെടുത്തിയ ശേഷം ചര്‍ച്ചകള്‍ക്കായി ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡല്‍ഹിയ്ക്ക് പോകും.
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലാണ് ഇന്ന് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. നാലു ജില്ലകളിലാണ് നിലവില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുള്ളത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ശശി തരൂരിന്റെ നോമിനിയായ ജെഎസ് ബാബു, കെഎസ് ശബരിനാഥന്‍, ആര്‍വി രാജേഷ്, പാലോട് രവി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കൊല്ലം ജില്ലയില്‍ നിന്ന് രാജേന്ദ്ര പ്രസാദ്, എംഎം നസീര്‍ എന്നിവരുടെ പേരുകളും കോട്ടയം ജില്ലയില്‍ നാട്ടകം സുരേഷ്, ജോമോന്‍ ഐക്കര, യൂജിന്‍ തോമസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. വിഎസ് ജോയിയുടെയും ആര്യാടന്‍ ഷൗക്കത്തിന്റെയും പേരുകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
നിലവില്‍ മറ്റു ജില്ലകളില്‍ ഓരോ പേരുകള്‍ മാത്രമാണ് പരിഗണനയില്‍ ഉള്ളതെങ്കിലും ഈ പട്ടിക ഒരു പേരിലേയ്ക്ക് ചുരുക്കുമ്പോള്‍ മറ്റു ജില്ലകളിലെ പേരുകളിലു വ്യത്യാസം വരാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സാമുദായിക സമവാക്യങ്ങളും സ്ത്രീപ്രാതിനിധ്യവും പട്ടികയില്‍ നിര്‍ണായകമാണ്.പട്ടിക ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് ഇന്ന് നേതാക്കളുടെ ഡല്‍ഹി യാത്ര.