തിളങ്ങുന്നു സ്വര്‍ണഫണ്ടുകള്‍ കോവിഡ് കാലത്ത്
തിരുവനന്തപുരം: ഏതു പ്രതിസന്ധിയിലും ജനങ്ങള്‍ സ്വര്‍ണത്തിലുള്ള വിശ്വാസം കൈവെടിയാറില്ല. കോവിഡ് കാലത്തും ഈ പതിവ് തുടരുന്നു. രണ്ടാം കോവിഡ് തരംഗത്തില്‍ സമ്പദ്ഘടന വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ സ്വര്‍ണനിക്ഷേപം നടത്തുന്ന തിരക്കിലാണ്. ഏപ്രിലില്‍ മാത്രം 864 കോടി രൂപയാണ് സ്വര്‍ണ സമ്പാദ്യ ഫണ്ടുകളിലും സ്വര്‍ണ ഇടിഎഫുകളിലുമായി (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) എത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മുഴുവന്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നോട്ടമുറപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം 184 കോടി രൂപ സ്വര്‍ണ സമ്പാദ്യ ഫണ്ടുകള്‍ക്ക് ലഭിച്ചു; 680 കോടി രൂപ സ്വര്‍ണ ഇടിഎഫുകളിലും ഒഴുകിയെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണ ഫണ്ടുകളില്‍ 3,200 കോടി രൂപയും സ്വര്‍ണ ഇടിഎഫുകളില്‍ 6,900 രൂപയും എത്തിയതിന്റെ തുടര്‍ക്കഥയാണ് ഏപ്രിലിലും കണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അസറ്റ് ഗണത്തിലുള്ള സ്വര്‍ണം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്.
ഒരിക്കല്‍ക്കൂടി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാകുമ്പോള്‍ ഭൗതിക രൂപത്തില്‍ സ്വര്‍ണം വാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരം തീരെ കുറവാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടേറെപ്പേര്‍ കൂടുതല്‍ കാര്യക്ഷമമായ സ്വര്‍ണ സമ്പാദ്യ ഫണ്ടുകളിലേക്കും സ്വര്‍ണ ഇടിഎഫുകളിലേക്കും ശ്രദ്ധ തിരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തം ചിത്രം പരിശോധിച്ചാല്‍ സ്വര്‍ണ ഇടിഎഫുകളുടെയും സ്വര്‍ണ ഫണ്ടുകളുടെയും വാര്‍ഷിക വളര്‍ച്ചാ നിരക്ക് (റിട്ടേണ്‍) 13 മുതല്‍ 14 ശതമാനം വരെയാണ്. സമ്പദ്ഘടനയ്ക്ക് മേല്‍ തുടരുന്ന കാര്‍മേഘവും വിപണിയിലെ ദുര്‍ഘടമായ പരിസ്ഥിതിയും സ്വര്‍ണത്തിന് പൂര്‍ണ മികവ് കാഴ്ച്ചവെക്കാനുള്ള അവസരമാണ് നല്‍കുന്നത്. പോയവര്‍ഷം സ്വര്‍ണം ഈ സാഹചര്യം കൃത്യമായി മുതലെടുത്തു. സ്വര്‍ണ ഫണ്ടും സ്വര്‍ണ ഇടിഎഫും സ്വര്‍ണ സമ്പാദ്യ ഫണ്ടുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നാം, എന്താണിതെന്ന്. സ്വര്‍ണ ഇടിഎഫുകളില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ട് സംവിധാനമാണ് സ്വര്‍ണ സമ്പാദ്യ ഫണ്ട്. അതായത് ഭൗതിക സ്വര്‍ണത്തില്‍ ഈ ഫണ്ട് നേരിട്ട് നിക്ഷേപം നടത്തില്ല. വ്യവസ്ഥാപിത നിക്ഷേപ പദ്ധതിയിലൂടെ (എസ്ഐപി) ആര്‍ക്കും സ്വര്‍ണ സമ്പാദ്യ ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങാം. അടുത്ത ചോദ്യം സ്വര്‍ണ ഇടിഎഫിനെ കുറിച്ചായിരിക്കും. സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്തുന്ന ഇടിഎഫാണിത് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). ഓഹരി വിപണിയിലാണ് സ്വര്‍ണ ഇടിഎഫുകള്‍ വ്യാപാരം നടത്തുന്നത്. ഇവ ഭൗതിക സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപം നടത്തും.