തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി വരവേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടറോ, മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദപരിശോധനയിലോ പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. അതേസമയം, ഇവര്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
''മദ്യപിച്ച് ലക്കുകെട്ട രീതിയില്‍ ബോധമില്ലാത്ത രീതിയിലാണ് ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു'', എന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി എണീറ്റ് ബാഗെടുക്കാന്‍ ഒരുങ്ങുകയും താന്‍ എഴുന്നേറ്റ് ബാഗെടുക്കാനും ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയതായി എയര്‍പോര്‍ട്ട് പൊലീസും പറയുന്നു.
വിമാനത്തില്‍ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളില്‍ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് പരാതി നല്‍കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാര്‍ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇന്‍ഡിഗോ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് മാനേജരും പരാതി നല്‍കിയിട്ടുണ്ട്.
വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്ന് ഇ. പി. ജയരാജന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇരുവരും മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നും പ്രതിഷേധമുണ്ടാകും.