20 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്'; സുപ്രധാന വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും
 


ദില്ലി: അമേരിക്കയുമായുള്ള ബന്ധത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുപ്രധാന വ്യാപാര കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 20 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ യാഥാര്‍ഥ്യമായത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യന്‍ വിപണി യൂറോപ്യന്‍ യൂണിയന് തുറന്നുകൊടുക്കുന്നതാണ് കരാര്‍. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.

യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ വലിയ കരാര്‍ ഒപ്പുവെച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകം ഇതിനെ ' മദര്‍ ഓഫ് ഓള്‍ ഡീല്‍സ് ' എന്ന് വിളിക്കുന്നു. ഈ കരാര്‍ 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ക്കും യൂറോപ്പിലെ ലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
  
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലേയനും ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ വെച്ച് കരാറിനെക്കുറിച്ച് വിശദീകരിക്കും. യൂറോപ്യന്‍ യൂണിയന്‍ ദക്ഷിണ അമേരിക്കന്‍ കൂട്ടായ്മയായ മെര്‍ക്കോസറുമായി പ്രധാന കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുമായുള്ള കരാര്‍ യാഥാര്‍ഥ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യ, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരുമായും യൂറോപ്യന്‍ യൂണിയന്‍ കരാറുകള്‍ ഒപ്പുവെച്ചിരുന്നു. ഇതേ കാലയളവില്‍, ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, ഒമാന്‍ എന്നിവരുമായും ഇന്ത്യ കരാറുകള്‍ പൂര്‍ത്തിയാക്കി.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരം 136.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ കാരണം ലോകരാജ്യങ്ങള്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ് വ്യാപാര കരാറുകള്‍. ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളും എങ്ങുമെത്തിയിട്ടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media