വാഷിങ്ടണ്‍: ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ അറിയിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന, റഡാര്‍, മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാര്‍ഗ് ദ്വീപ് വരും ദിവസങ്ങളില്‍ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വൈകാതെ തന്നെ ഖാര്‍ഗ് ദ്വീപും ഇറാന്റെ മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. വെനസ്വേലയില്‍ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂര്‍ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. ഇത് വെനസ്വേലയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഒരുപോലെ ഗുണമുള്ള രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു.