ദില്ലി: ഒമാന്‍ കടലിടുക്കില്‍ ഇന്ത്യന്‍ നാവികരുള്ള കപ്പിലിനു നേരെ അമേരിക്കന്‍ ആക്രണം, മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു പലാവു പതാകയുള്ള എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് സൈനികാക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. 21 പേരെ രക്ഷപ്പെടുത്തി.
ടാങ്കര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് അമേരിക്കന്‍ സൈന്യം കപ്പലിന് നേരെ 'പ്രിസിഷന്‍ സ്‌ട്രൈക്ക് നടത്തിയത്. ഇന്ത്യന്‍ നാവികരുടെ മരണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യന്‍ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. രക്ഷപ്പെട്ട ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി വേഗത്തില്‍ തിരികെ എത്തിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.