ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നാടകീയ സമരത്തിന് പിന്നാലെ പാര്‍ലമെന്റിലും പ്രതിഷേധം നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമത്തിലും സഭ പ്രക്ഷുബ്ധമാക്കാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായേക്കും. അതേസമയം, പുതിയ സമര തന്ത്രങ്ങള്‍ ആലോചിക്കുകയാണ് സിജെപി.
കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് അതിക്രമങ്ങളിലും പരീക്ഷ ക്രമക്കേടുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായും ധര്‍മ്മേന്ദ്രപ്രധാനും രാജിവയ്ക്കണമെന്നും പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്രം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് പ്രധാന്‍ ആരോപിച്ചു. സമഗ്രമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടും ജനാധിപത്യപരമായ ചര്‍ച്ചയേക്കാള്‍ രാഷ്ട്രീയ നാടകത്തിനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
നീറ്റ് ചോര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ച ഇന്നത്തെ പാര്‍ലമെന്റ് അജണ്ടയില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍. ചര്‍ച്ച നടത്താമെന്ന് ഇന്നലെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുള്ള ആവശ്യം രാഷ്ട്രീയമെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് അംഗീകരിക്കില്ലെന്ന് നിലപാടിലാണ് ബിജെപി നേതൃത്വം. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണം ആക്കരുതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതികരിച്ചു. അതേസമയം, അനുനയ നീക്കവുമായി സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാര്‍ ആശുപത്രിയിലെത്തി കണ്ടു. ജെപി നദ്ദയും ജിതേന്ദ്ര സിംഗുമാണ് വാങ്ചുകിനെ ഇന്നലെ ആശുപത്രിയിലെത്തി കണ്ടത്.