ദില്ലി: ക്രൂഡ് ഓയില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര കമ്പനി. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വര്‍ധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല.
ഇറാന്‍-യുഎസ് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദില്‍ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തി. മുംബൈ, കൊല്‍ക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപക്ക് മുകളിലും, ഹൈദരാബാദിലെ ഡീസല്‍ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.