കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ കാര്‍ ഓടിച്ച 17കാരന്റെ പിതാവാണ് അഡീഷണല്‍ ജഡ്ജി. കേസില്‍ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിനോട് കീഴ്പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസില്‍ രണ്ടാം പ്രതിയുടെ അറസ്റ്റ് ചടഞ്ഞത്.
പ്രതിസ്ഥാനത്തുള്ളയാള്‍ ജുഡീഷ്യല്‍ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണത്തോട് സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാനും പ്രതിയായ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായി പിന്നീട് വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.