മില്‍മ ഓണക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് അധിക
പാല്‍വിലയായി രണ്ട് കോടി 26 ലക്ഷം നല്‍കും.
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഈ ഓണക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ നല്‍കും. 2021 ജൂണ്‍ ഒന്നു മുതല്‍ 30 വരെ മില്‍മയ്ക്ക് ലഭിച്ച പാലിന് ലിറ്ററിന് ഒരു രൂപ വീതം ഓണക്കാലത്ത് നല്‍കാനാണ് മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് ജൂണ്‍മാസം സംഭരിച്ച 226.89 ലക്ഷം ലിറ്റര്‍ പാലിനത്തില്‍ 226 ലക്ഷം രൂപ മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ലഭിക്കും. ഈ തുക ക്ഷീര സംഘങ്ങളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെ സംഭരിക്കുന്ന പാലിന്റെ വിലയോടൊപ്പം നല്‍കും.
പ്രസ്തുത അധിക വില ഇന്‍സെന്റീവായി ഓണത്തിനു മുമ്പായി സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കും. ഈ ഒരു രൂപ വര്‍ധന പ്രകാരം മില്‍മ സഹകരണ സംഘങ്ങള്‍ക്ക് ഒരു ലിറ്റര്‍ പാലിന് നല്‍കുന്ന ശരാശരി വില 40 രൂപ 9 പൈസയാകും.ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ഈ ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ പറഞ്ഞു.