ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് ഒറ്റവാചകത്തിൽ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുന്നോടിയായി കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാത്രമായിരുന്നു പ്രതി. വിധി പ്രസ്താവം കേൾക്കാൻ ഫ്രാങ്കോ മുളയ്ക്കലും കോടതിയിൽ എത്തിയിരുന്നു. വിധി കേട്ട ശേഷം ദൈവത്തിനു സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.
2014 മുതൽ 2016 വരെ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ജൂണിലാണ് കന്യാസ്ത്രീയുടെ പരാതിയിൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ച കേസിലെ വിചാരണ പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ഒന്നര വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി. വൈക്കം മുൻ ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 2018 സെപ്റ്റംബർ 21 ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 25 ദിവസത്തെ ജയിൽവാസത്തിനുശേഷം ബിഷപ്പിനു ജാമ്യം ലഭിച്ചു. 2000 പേജുള്ള കുറ്റപത്രത്തിൽ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്.