ദില്ലി: പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കാട്ടി കെ.എന്‍.എം മര്‍കസസുദ്ദഅവ ( മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ മുനമ്പത്തെ സ്ഥലം വഖഫ് ആക്കിയ വഖഫ് ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടങ്ങി. 1950ല്‍ സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയ സമ്മത പത്രവും അതിലെ വ്യവസ്ഥകളുമാണ് ട്രൈബൂണല്‍ പരിശോധിച്ചത്. ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥ ഉള്ളതിനാല്‍ ഇത് വഖഫ് അല്ല, ദാനം നല്‍കിയതാണെന്നായിരുന്നു ഫാറൂഖ് കോളേജിന്റെ വാദം. ആധാര വ്യവസ്ഥകള്‍ വഖഫ് ആണെന്നും, കോളേജ് ഇല്ലാതായെങ്കില്‍ മാത്രമാണ് തിരിച്ചെടുക്കുക എന്ന വാദം നില നില്‍ക്കൂവെന്നും ബോര്‍ഡ് വാദിച്ചു. കേസില്‍ മുനമ്പം നിവാസികള്‍ എതിര്‍ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിച്ചു. ഫാറൂഖ് കോളജ് മത - ജീവകാരുണ്യ സ്ഥാപനമല്ലെന്നും അതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ല എന്നുമാണ് മുനമ്പം നിവാസികളുടെ വാദം. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ കോടതിയുടെ മുന്‍ വിധികള്‍ നാളെ ട്രിബൂണല്‍ പരിശോധിക്കും.