ബംഗ്ലൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആദായനികുതി വകുപ്പിന്റെ കുരുക്ക്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. കോടതിയില്‍ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
അത് കേസുമായി ബന്ധപ്പെട്ടാണെന്നോ എന്താണ് നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതെന്നോ ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിട്ടില്ല.നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാര്‍ ചോദിച്ചു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്ക് കൃത്യമല്ല എന്ന് കാണിച്ച് 1800 കോടിയുടെ നോട്ടീസ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിനും നോട്ടീസ് നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഇന്നലെ രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് നല്‍കി. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും.