കോഴിക്കോട്:എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോടെത്തിച്ചു. മാലൂര്‍കുന്ന് ക്യാമ്പിലാണ് ഷാരുഖിനെ എത്തിച്ചിരിക്കുന്നത്. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് ക്യാമ്പിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിലുണ്ടാവുക. ഉത്തരമേഖലാ ഐജി, ഓപറേഷന്‍ ഐജി കൂടിയായ ഐജി നീരജ് ഗുപ്ത, എസ്ഐടി മേധാവി എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3.00-3.30 ഓടെയാണ് എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചത്. പ്രതിയുമായി വരുന്നതിനിടെ പൊലീസ് വാഹനം തകരാറിലായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മേലൂര്‍ മാമാക്കുന്നില്‍ വച്ചാണ് പ്രതിയെ എത്തിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയാണ് വാഹനം പഞ്ചറായത്. തുടര്‍ന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു വാഹനം എത്തിച്ചുവെങ്കിലും അത് സ്റ്റാര്‍ട്ട് ആകുന്നുണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു വാഹനത്തിലാണ് പ്രതിയുമായി പൊലീസ് കോഴിക്കോട് എത്തിയത്.
മഹാരാഷ്ട്രയില്‍ നിന്നാണ് ഷാരുഖ് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.