ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; 
മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ രോഗമുക്തി


ദില്ലി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍  തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്.

നിലവിലെ വാക്‌സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ 72  മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 16000 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പാര്‍ലമെന്റിനെ അറിയിച്ചു.

ഇവരുടെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയച്ചിട്ടുണ്ട്. അതേസമയം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാനായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നെതെങ്കില്‍ എല്ലാ അന്താരാഷ്ട്ര യാത്രികരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media