വിനായകന് ജാമ്യം അനുവദിച്ചത് സ്വാധീനത്തിന് വഴങ്ങിയല്ല; ചുമത്തിയത് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍: കൊച്ചി ഡിസിപി
 


കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കുകയും പൊലീസുകാരെ ചീത്തവിളിക്കുകയും ചെയ്ത  നടന്‍ വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.

പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തും. മുമ്പും വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്.  രക്ത സാമ്പിള്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാല്‍ മാത്രമെ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കുവെന്നും കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി.

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയില്‍ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു. 

ഇന്നലെ വൈകീട്ട് കൊച്ചി നോര്‍ത്ത്  പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനായകന്‍ ബഹളമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്നു നടന്റെ പെരുമാറ്റമെന്നും പൊലീസ് അറിയിച്ചു. കുടുംബത്തര്‍ക്കം പരിഹരിക്കാന്‍ വിനായകന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൊലീസുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വനിതാ പൊലീസടക്കം വീട്ടിലെത്തിയ നാല് പേരോടും നടന്‍ മോശമായി പെരുമാറി. അതിന്റെ തുടര്‍ച്ചയായാണ് വൈകിട്ട് ഏഴ് മണിയോടെവിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ മുറ്റത്തുവച്ച് പുക വലിച്ച വിനായകന് പൊലീസ് പിഴയൊടുക്കി. പിന്നാലെയാണ് സ്റ്റേഷനകത്ത് കയറി ബഹളം തുടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിനായകനെ വിട്ടയക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media