എസ്.പി.ബിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്
മഹാഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും എസ്പിബി മരിച്ചുവെന്ന സത്യം അംഗീകരിക്കാന്‍ കഴിയാത്തവരാണ്. അതിരുകളും സംസ്‌കാരങ്ങളും ഭാഷയുമെല്ലാം തന്റെ മാന്ത്രിക ശബ്ദത്തില്‍ അലിയിച്ചു കളയാന്‍ എസ്പിബി എന്ന കലാകാരനുള്ള കഴിവ് വാക്കുകള്‍ക്കും അപ്പുറമാണ്.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്റെ പുഴയായി ആസ്വാദകരുടെ കാതുകളില്‍ ഒഴുകിയെത്തി. ഒരുപക്ഷേ അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകളില്‍ കുടിയേറിയ മറ്റൊരു ഗായകനുണ്ടോ എന്നത് സംശയമാണ്. ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.
സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരില്‍. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബിയുടെ ജനനം. ചെറുപ്പകാലത്ത് നിരവധി സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു.
2020 ആഗസ്ത് 5നായിരുന്നു എസ്.പി ബാലസുബ്രഹ്‌മണ്യത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് നില വഷളാവുകയും ചെയ്യുകയായിരുന്നു. സെപ്തംബര്‍ 7ന് കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയായിരുന്നു. ഈ സമയത്തൊക്കെ ബാലുവിന്റെ തിരിച്ചുവരവിന് വേണ്ടി ആരാധകര്‍ പ്രാര്‍ഥനയോഗങ്ങള്‍ നടത്തി. ഒടുവില്‍ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് സെപ്തംബര്‍ 25ന് രാവിലെ അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.