ജിയോ ഫോണ്‍ നെകസ്റ്റ് ലോഞ്ചിംഗ് ഉടന്‍; വരാനിരിക്കുന്നത് വില കുറഞ്ഞ 4ജി ഫോണുകളുടെ കാലം


ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ ജിബി നല്‍കി ജിയോ നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ട ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. രാജ്യത്തെ മൊബൈല്‍ കണക്ടിവിറ്റിയില്‍ വിപ്ലവം സൃഷ്ടിച്ച ശേഷം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ രംഗത്തും സമാനമായ വിപ്ലവത്തിനു വഴിതുറക്കുകയാണോ മുകേഷ് അംബാനി? അതിനുള്ള ഉത്തരവുമായാണ് ജിയോ ഫോണ്‍ നെക്സ്റ്റിന്റെ വരവ്. വിനായക ചതുര്‍ഥി ദിനമായ ഇന്ന് പുറത്തിറക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ദീപാവലിക്ക് മുന്‍പായി ലോഞ്ച് ചെയ്യാന്‍ കമ്പനി തീരുമാനിച്ചതായി വ്യാഴാഴ്ച അര്‍ധരാത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ടെക് ലോകം മാത്രമല്ല, ഓഹരി വിപണി ഉള്‍പ്പെടെ കാത്തിരിക്കുകയാണ് 'വില കുറഞ്ഞ' ഫോണാണെങ്കിലും ആ വിലയേറിയ ലോഞ്ചിങ്ങിന്.

ജിയോ ഫോണ്‍, ജിയോ ഫോണ്‍ 2 എന്നീ മോഡലുകള്‍ മുന്‍വര്‍ഷങ്ങളില്‍ അവതരിപ്പിച്ചതിനു ശേഷം എത്തുന്ന മോഡല്‍ എന്ന നിലയ്ക്ക് 
അതിന്റെ അടുത്ത പതിപ്പ് എന്ന നിലയ്ക്കാണ് പലരു ജിയോ ഫോണ്‍ നെക്സ്റ്റിനെ കാണുന്നത്. എന്നാല്‍, ആദ്യത്തെ രണ്ടു മോഡലുകളും അടിസ്ഥാന സൗകര്യങ്ങളോടൊപ്പം അധികമായി 4ജി കണക്ടിവിറ്റി കൂടി നല്‍കിയ ബേസിക് ഫീച്ചര്‍ ഫോണുകളായിരുന്നെങ്കില്‍ ജിയോ ഫോണ്‍ നെക്സ്റ്റ് ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ആണ്. 5000 രൂപയില്‍ താഴെ വിരലിലെണ്ണാവുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മാത്രമേ ഇന്നു വിപണിയിലുള്ളൂ. അവയേക്കാള്‍ ഒക്കെ മികച്ചു നില്‍ക്കുന്ന സാങ്കേതിക മികവുകളോടെ അവയേക്കാള്‍ താഴ്ന്ന വിലയിലാണ് ജിയോ ഫോണ്‍ നെക്സ്റ്റ് എത്തുന്നത് എന്നതാണ് ഇതിലെ വിപ്ലവം.  

എന്താണ് ജിയോ ഫോണ്‍ നെക്‌സറ്റ്?

ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ആണ് ജിയോ ഫോണ്‍ നെക്സ്റ്റ്. ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള 3499 രൂപ വിലയുള്ള മോഡലാണ് ഒരെണ്ണം. 3 ജിബി റാം/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള അല്‍പം കൂടി വിലയുള്ള എന്നാല്‍, 5000 രൂപയില്‍ താഴെ മാത്രം വിലയുള്ള മോഡലാണ് രണ്ടാമത്തേത്. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മറ്റു കമ്പനികളുടെ ഫോണിന് നിലവില്‍ വിപണിയില്‍ ശരാശരി 8000 രൂപയാണ് വില.

ഫോണിലെ മറ്റു സംവിധാനങ്ങളും ലോകനിലവാരത്തിലുള്ളവയാണ്. ഫോണിന്റെ വേഗവും കരുത്തും നിര്‍ണയിക്കുന്ന പ്രൊസസര്‍ ആണ് എടുത്തു പറയേണ്ടത്. എന്‍ട്രി ലെവല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പ്രൊസസറിന്റെ കാര്യത്തില്‍ സാധാരണ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ ജിയോ ഫോണ്‍ നെക്സ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ കമ്പനിയായ സ്‌നാപ്ഡ്രാഗന്റെ 215 SoC ആണ്. നോക്കിയ, ടിസിഎല്‍, അല്‍കാടെല്‍ എന്നീ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളില്‍ ഇതേ പ്രൊസസര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. 

5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണ്‍, വിപണിയിലുള്ള മറ്റു സ്മാര്‍ട്‌ഫോണുകള്‍ പോലെത്തന്നെ വലുപ്പമേറിയ ഡിസ്‌പ്ലേ നല്‍കുന്നു. സ്റ്റാന്‍ഡേര്‍ഡ് ക്യാമറ പാക്കേജ് ആണ് ഫോണിലുള്ളത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും. ക്യാമറയെപ്പറ്റി ആധികാരികമായി പറയണമെങ്കില്‍ ഫോട്ടോ എടുത്ത് പെര്‍ഫോമന്‍സ് നേരിട്ടുതന്നെ മനസ്സിലാക്കണം. ഡിസൈനില്‍ പുതുമകളൊന്നും ഇല്ല. മുന്‍വശം പൂര്‍ണമായും ഡിസ്‌പ്ലേയ്ക്കായി മാറ്റിവയ്ക്കുന്ന ശൈലി ജിയോ ഫോണ്‍ നെക്സ്റ്റ് സ്വീകരിച്ചിട്ടില്ല. പകരം സ്‌ക്രീനിന്റെ മുകളിലും താഴെയും അല്‍പസ്ഥലം വിട്ടുള്ള (ബെസെല്‍സ്) കാലഹരണപ്പെട്ടതെന്നു പറയാവുന്ന ഡിസൈന്‍ ആണിതില്‍. ഫോണിന്റെ പെര്‍ഫോമന്‍സുമായി അതിനു ബന്ധമൊന്നുമില്ലാത്തതിനാല്‍ അത്ര പ്രസക്തവുമല്ല. 2500 എംഎഎച്ച് ബാറ്ററിയാണെന്നാണു സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media