രാജ്യത്ത ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു; രേഖപ്പെടുത്തിയത് 20.1 ശതമാനത്തിന്റെ വര്‍ധനവ്


ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസപാദം (ഏപ്രില്‍ - ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 20.1 ശതമാനം വളര്‍ച്ചാ നിരക്ക് കുറിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. മുന്‍ പാദത്തില്‍ (ജനുവരി - മാര്‍ച്ച്) 1.6 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു.

അതേസമയം ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന 20 ശതമാനത്തോളം വളര്‍ച്ച കുറിക്കുമെന്ന് മുന്‍നിര സാമ്പത്തിക പോളുകളെല്ലാം പ്രവചിച്ചിരുന്നു. റിസര്‍വ് ബാങ്കും 21.4 ശതമാനം വളര്‍ച്ചാ നിരക്കാണ് കണക്കുകൂട്ടിയത്. കരുതിയതിലും മികച്ച ചിത്രമാണ് ഏപ്രില്‍ - ജൂണ്‍ കാലത്ത് ഇന്ത്യ കുറിച്ചതെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനും സ്റ്റാന്‍ഡിങ് കമ്മിറ്റി തലവനുമായ പ്രോബഭ് സെന്‍ ചൊവാഴ്ച്ച പറഞ്ഞു.

നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ ജിവിഎ (മൊത്ത മൂല്യവര്‍ധനവ്) 18.8 ശതമാനം ഉയര്‍ന്നത് കാണാം. രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെുയം മൂല്യമാണിത്. പറഞ്ഞുവരുമ്പോള്‍ കെട്ടിടനിര്‍മാണ മേഖലയിലാണ് വന്‍കുതിച്ചുച്ചാട്ടം. 68.3 ശതമാനം വളര്‍ച്ച കുറിക്കാന്‍ ഈ മേഖലയ്ക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഏറ്റവും താഴേക്ക് പോയതും കെട്ടിടനിര്‍മാണ മേഖലയായിരുന്നു. അന്ന് സമ്പൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് 49.5 ശതമാനം വീഴ്ചയാണ് നിര്‍മാണരംഗം രേഖപ്പെടുത്തിയത്.


ഇത്തവണ ഉത്പാദന മേഖലയിലും വന്‍മുന്നേറ്റം കാണാം. കഴിഞ്ഞവര്‍ഷം ജൂണില്‍ 36 ശതമാനം ഇടിഞ്ഞ ഉത്പാദന മേഖല നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം 49.6 ശതമാനം വളര്‍ച്ച കുറിച്ച് ശക്തമായി തിരിച്ചെത്തി. വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, സംപ്രേക്ഷണ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല 34.3 ശതമാനം വളര്‍ച്ച കണ്ടെത്തിയാണ് ജൂണ്‍ പിന്നിട്ടത്. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 48.1 ശതമാനം തകര്‍ച്ചയായിരുന്നു ഇവര്‍ കണ്ടതും. ഇതേസമയം ഹോട്ടല്‍-ടൂറിസം രംഗം ഇനിയും കോവിഡ് ഭീതിയില്‍ നിന്നും പൂര്‍ണമായി മുക്തമായിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തില്‍ വളര്‍ച്ച കുറിച്ച ഏക മേഖല കാര്‍ഷിക രംഗമാണ്. ഇത്തവണയും കാര്‍ഷിക മേഖല 4.5 ശതമാനം മുന്നേറി.

രാജ്യത്ത് ആഞ്ഞടിച്ച രണ്ടാം കോവിഡ് തരംഗം ഇന്ത്യയുടെ സമ്പദ്ഘടനയുടെ കുതിപ്പിന് കടിഞ്ഞാണിട്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. മെയ് മാസം കോവിഡ് വ്യാപനം ഒരിക്കല്‍ക്കൂടി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു.

പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി നിരക്ക് കരസ്ഥമാക്കാന്‍ സാധിച്ചത് ശുഭാപ്തിവിശ്വാസം പകരുന്ന കാര്യമാണെന്ന് സിആര്‍സിഎല്‍ എല്‍എല്‍പി സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ ഡിആര്‍ഇ റെഡ്ഡി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചു.

നിര്‍മ്മാണ മേഖലയിലെ അടക്കം വളര്‍ച്ച സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നു. ഇത് വായ്പാ എടുക്കല്‍ വര്‍ദ്ധനവിന് കാരണമാകണം. ഹ്രസ്വകാലത്തേക്ക് ചില പണപ്പെരുപ്പ സമ്മര്‍ദ്ദം ഉണ്ടാകാമെങ്കിലും വിവിധ മേഖലകളില്‍ നിന്നുള്ള ഞങ്ങളുടെ ഉപയോഗ്താക്കളിലുടനീളം വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ ഒരു നല്ല മുന്നേറ്റം ഞങ്ങള്‍ കാണുന്നു. അതോടൊപ്പം സമ്പദ്വ്യവസ്ഥയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയില്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നു. ആര്‍ബിഐ അടുത്ത അവലോകനത്തില്‍ എങ്ങനെയാണ് പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത് എന്ന് അറിയാനുള്ള കൗതുകവും ഇപ്പോഴുണ്ട്, റെഡ്ഢി കൂട്ടിച്ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media