ഷഹാനയുടെ മരണം:ഭര്‍ത്താവ് സജാദ് മയക്കുമരുന്ന് വ്യാപാരിയെന്ന് പോലീസ്
ഫുഡ് ഡെലിവറിയുടെ മറവില്‍ കച്ചവടം


കോഴിക്കോട്:മോഡല്‍ ഷഹാനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദിനെ ഇവരുടെ പറമ്പില്‍ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുധര്‍ശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം സജാദിനെ കോടതിയില്‍ ഹാജരാക്കും. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് പൊലീസ് അറിയിച്ചു. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍  ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പില്‍ ബസാറില്‍ ഒന്നര മാസമായി ഷഹാനയും ഭര്‍ത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media