വനിതാ ഫുട്‌ബോള്‍ ലീഗ് കിക്കോഫ് ഇന്ന്;
സെലിബ്രിറ്റി മാച്ചില്‍ റിമ കല്ലിങ്കലിന്റെ ടീമിനു ജയം
തൃശൂര്‍: കേരള വനിതാ ഫുട്‌ബോള്‍ ലീഗിന്റെ കിക്കോഫ് ഇന്ന്. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരള വനിതാ ഫുട്‌ബോള്‍ ലീഗ് തിരികെയെത്തുന്നത്. ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. ആകെ ആറ് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക.
ലൂക്ക സോക്കര്‍ ക്ലബ്ബ്, ട്രാവന്‍കൂര്‍ റോയല്‍സ് എഫ്‌സി, കടത്തനാട് രാജ എഫ്എ, ഡോണ്‍ബോസ്‌കോ എഫ്എ, ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ ആകെ പങ്കെടുക്കുക. 2022 ജനുവരി 24ന് ടൂര്‍ണമെന്റ് അവസാനിക്കും. എല്ലാ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് അമ്പതിനായിരം രൂപയും പാരിതോഷികം ലഭിക്കും. ഇതോടൊപ്പം ജേതാക്കള്‍ എഐഎഫ്എഫിന്റെ ഇന്ത്യന്‍ വുമന്‍സ് ലീഗിലേക്ക് യോഗ്യത നേടും.
അതേസമയം, ടൂര്‍ണമെന്റിന്റെ പ്രചാരണാര്‍ഥം ഇന്ന് നടന്ന സെലബ്രറ്റി ഫുട്ബോള്‍ മാച്ചില്‍ റിമ കല്ലിങ്കലിന്റെ ടീം മാളവിക ജയറാമിന്റെ ടീമിനെ തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.