മദ്യം അനുവദിക്കില്ല; സോഷ്യല്‍ മീഡിയ പ്രചരണം അടിസ്ഥാന രഹിതമെന്ന് സൗദി അധികൃതര്‍
റിയാദ്: സൗദി അറേബ്യയില്‍ മദ്യത്തിനുള്ള നിരോധനം തുടരുമെന്നും രാജ്യത്ത് എവിടെയും മദ്യ നിര്‍മാണമോ വില്‍പനയോ ഉപയോഗമോ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യപാനത്തിന് അനുമതി നല്‍കുമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രചരണം ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് സൗദി ടൂറിസം മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു രംഗത്തു വന്നത്.
ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി. സൗദിയില്‍ മദ്യപാനം ഗുരുതര കുറ്റകൃത്യമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. വിദേശിയാണെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുകയും ചെയ്യും.
ടൂറിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം സൗദി അറേബ്യയിലെ മദ്യ നിരോധനത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അഞ്ച് കോടി പേര്‍ അടുത്ത വര്‍ഷം രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഹോളിഡേ പാക്കേജുകളും പദ്ധതികളും ടൂറിസം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.