ഡല്‍ഹിയിലെ വായു മലിനീകരണം
സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: ദില്ലിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരും, ഡല്‍ഹി അടക്കം നാല് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളുടെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്രത്തിന് പുറമേ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിര്‍ണായകമാകും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ പഞ്ച നക്ഷത്ര സൗകര്യങ്ങളില്‍ ഇരിക്കുന്നവര്‍ വായു മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.