ബംഗലുരു ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ് നാലു വര്‍ഷം കൊണ്ട് നിക്ഷേപം 5.4 മടങ്ങായി വര്‍ധിച്ചു
ബംഗളൂരു: ലോകത്തെ അതിവേഗം വളരുന്ന ടെക് ഇക്കോ സിസ്റ്റമായി ഇന്ത്യയുടെ ടെക് ക്യാപ്പിറ്റല്‍ നഗരമായ ബെംഗളൂരു. ജനുവരി രണ്ടാം വാരം ലണ്ടനില്‍ പുറത്തിറക്കിയ പുതിയ പഠനറിപ്പോര്‍ട്ട് പ്രകാരം ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, പാരീസ് എന്നീ യൂറോപ്യന്‍ നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാം സ്ഥാനം നേടി. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് ഇന്‍വസ്റ്റ്മെന്റ് ഏജന്‍സി ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേര്‍സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
റിപ്പോര്‍ട്ട് പ്രകാരം ബെംഗളൂരു നഗരത്തിലെ നിക്ഷേപം കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 5.4 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. 2016ല്‍ 1.3 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപം 2020 ആയപ്പോഴേക്കും 7.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം മുംബൈ നഗരത്തിലെ നിക്ഷേപ വളര്‍ച്ച 1.7 മടങ്ങാണ്. 0.7 ബില്യണ്‍ ഡോളറില്‍ നിന്നും 1.2 ബില്യണ്‍ ഡോളറായാണ് മുംബൈ നഗരത്തിലെ നിക്ഷേപം വളര്‍ന്നത്. 2016-2020 കാലയളവില്‍ മൂന്നു മടങ്ങ് നിക്ഷേപ വളര്‍ച്ചയാണ് ലണ്ടന്‍ നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. 3.5 ബില്യണ്‍ ഡോളറില്‍ നിന്നും 10.5 ബില്യണ്‍ ഡോളറായാണ് ലണ്ടന്‍ നഗരത്തിലെ വളര്‍ച്ച. വെന്‍ച്വുര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റിനുതകുന്ന അതിവേഗം വളരുന്ന നഗരങ്ങളുടെ ആദ്യ സ്ഥാനങ്ങളില്‍ ബെംഗളൂരുവും ലണ്ടനും എത്തിച്ചേര്‍ന്നത് സന്തോഷപ്രദായകമായ കാര്യമാണ്.
ഇരു രാജ്യങ്ങളിലും ടെക് നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും ബിസിനസ് ചെയ്യുന്നതിനായി നിരവധി അവസരങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ രണ്ട് നഗരങ്ങളും തങ്ങളുടെ ശക്തികള്‍ പരസ്പരം പങ്കുവയ്ക്കേണ്ടതുണ്ടെന്നും ലണ്ടന്‍ & പാര്‍ട്ണേഴ്സിന്റെ ഇന്ത്യയുടെ മുഖ്യ പ്രതിനിധി പറഞ്ഞു. ഇന്ത്യയിലെ നഗരങ്ങളുമായി ലണ്ടന് ദൃഢമായ കച്ചവട-നിക്ഷേപ ബന്ധമുണ്ട്. സാങ്കേതിക മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും കൈകോര്‍ത്ത് മുന്നോട്ട് വളരുവാനുള്ള അവസരങ്ങളാണ് പുതിയ പഠന റിപ്പോര്‍ട്ട് നമുക്ക് മുന്നില്‍ വ്യക്തമാക്കുന്നത്. കൊവിഡ്-19 രോഗ വ്യാപന പ്രതിസന്ധികള്‍ക്കിടയിലും എജ്യുക്കേഷന്‍ ടെക്നോളജി മേഖലയിലും ഫിനാന്‍സ് ടെക്നോളജി മേഖലയിലും നേട്ടങ്ങളുണ്ടാക്കാന്‍ ലണ്ടനിലെയും ഇന്ത്യയിലെയും ടെക് കമ്പനികള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായുള്ള യുകെ ഗവണ്‍മെന്റിന്റെ ബ്രെക്സിറ്റ് ഡീല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ടെക് വെച്വുര്‍ ക്യാപ്പിറ്റലിസ്റ്റ് ഇന്‍വെസ്റ്റ്മെന്റുകളുടെ പട്ടികയില്‍ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ബീജിയിംഗ്, സാന്‍സ്ഫ്രാന്‍സിസ്‌കോ നഗരങ്ങളാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഉള്ളത്. ന്യൂയോര്‍ക്ക്, ഷാങ്ഹായ്, ലണ്ടന്‍ എന്നീ നഗരങ്ങളാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളില്‍. മുംബൈയ്ക്ക് 21-ാം സ്ഥാനമാണുള്ളത്.