കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ഇഡി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളില്‍ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്.
മാസപ്പടി വിവാദം ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
വിഷയം സഭയിലുന്നയിക്കാന്‍ ചട്ടപ്രശ്‌നം ഉണ്ടെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അങ്ങനെയല്ലെന്ന് എകെ ബാലന്‍ പ്രതികരിച്ചു. ഇതില്‍ നിന്നെല്ലാം വിഷയത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുനര്‍ജ്ജനി തട്ടിപ്പില്‍ ഒരന്വേഷണവും നടക്കുന്നില്ല. ലൈഫ് മിഷനേക്കാള്‍ വലിയ തട്ടിപ്പാണ് പുനര്‍ജ്ജനിയില്‍ നടന്നത്. വിദേശത്ത് നിന്ന് പണം പിരിച്ച് വകമാറ്റുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എല്ലാം അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പുനര്‍ജ്ജനി തട്ടിപ്പ് മാത്രം പൂഴ്ത്തിയത് എന്തിനാണ്? മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ മ്ലേച്ഛമായ കൂട്ട്‌കെട്ടാണ്. മാസപ്പടി വിവാദം ഒതുക്കിയത് സതീശനും കമ്പനിയുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.