ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തു വിട്ടു
 

കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചത് 70424 പേര്‍ 



ദില്ലി : രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഒരു ഘട്ടത്തില്‍ കൊവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ കൊവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിച്ചത്.

അതേ സമയം ഒരിടവേളക്ക് ശേഷം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍  വീണ്ടും വര്‍ധനയുണ്ടാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ  17,135 പേര്‍ക്ക് കൂടി ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയര്‍ന്നു. 3.69 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണമാണ്  സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 19,823 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49  ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതല്‍ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയില്‍ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 

രാജ്യത്തിതു വരെ നല്‍കിയ ആകെ വാക്‌സീനുകളുടെ എണ്ണം 204.84 കോടി  കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീന്‍ നല്‍കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഇതുവരെ 3.91 കോടിയില്‍ കൂടുതല്‍  ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കരുതല്‍ ഡോസ് വിതരണം പുരോഗമിക്കുകയാണ്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media