ഡി.സി.സി. പട്ടിക; അതൃപ്തിയറിയിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും


കോട്ടയം: ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ  പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഡി.സി.സി. പട്ടിക സംസ്ഥാനത്ത് തയാറാക്കിയിരുന്നെങ്കില്‍ മികച്ച പ്രസിഡന്റുമാരെ കണ്ടെത്താമായിരുന്നു. ചര്‍ച്ചകള്‍ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ കൂടിയാലോചനകള്‍ ഉണ്ടായില്ല', ഉമ്മന്‍ ചാണ്ടി പറഞ്ഞു. 'ഡി.സി.സി. പട്ടിക സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്ന വാഗ്ദാനം നടപ്പായില്ല, അതിനാലാണ് ഹൈക്കമാണ്ടിനെ സമീപിക്കേണ്ടി വന്നത്. സംസ്ഥാന തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നു', രമേശ് ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രതികരണത്തിലൂടെ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനും എതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media