ആഗോള വ്യാപാര യുദ്ധം കനക്കുന്നു

ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി അമേരിക്കയെ ചൈന തരിച്ചടിച്ചു


 

 



ബെയ്ജിംഗ്: എല്ലാ എതിര്‍പ്പുകളും മുന്നറിയിപ്പുകളും കാറ്റില്‍പ്പറത്തി കൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ പകരത്തീരുവ നയം നടപ്പിലായതിന് പിന്നാലെ ചൈനയുടെ വമ്പന്‍ തിരിച്ചടി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ഒറ്റയടിക്ക് 84 ശതമാനമാക്കി ഉയര്‍ത്തിയാണ് ചൈന തിരിച്ചടിച്ചത്. നാളെ മുതല്‍ ചൈനയിലേക്ക് പ്രവേശിക്കുന്ന യു എസ് ഉത്പന്നങ്ങളുടെ തീരുവ 34% ല്‍ നിന്ന് 84% ആയി ഉയരുമെന്ന് സ്റ്റേറ്റ് കൗണ്‍സിലിന്റെ താരിഫ് കമ്മീഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ചൈനക്ക് മേല്‍ 104% താരിഫ് അമരിക്ക നടപ്പിലാക്കിയതോടെയാണ് തിരിച്ചടിക്കാന്‍ ചൈന തീരുമാനിച്ചത്. ഇതോടെ വ്യാപാര യുദ്ധം കനക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയും ചെയ്‌തേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

അമേരിക്കയുടെ പകരത്തീരുവ നയം ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് ഭീമന്‍ തീരുവകള്‍ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തന്‍ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്. ചെറുത്തുനില്‍പ്പിനുള്ള മറുപടിയായി അവസാന നിമിഷം കൂട്ടിച്ചേര്‍ത്ത 50 ശതമാനം നികുതി കൂടി ചേരുമ്പോള്‍ 104 ശതമാനം തീരുവയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച ചൈന 84 ശതമാനം നികുതി അമേരിക്കക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ലോകത്തെ എറ്റവും വലിയ കയറ്റുമതി രാജ്യവും എറ്റവും വലിയ ഇറക്കുമതി രാജ്യവും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അതേസമയം 26 ശതമാനമാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ. മരുന്ന് കയറ്റുമതിക്ക് മേല്‍ നിലവില്‍ തീരുവയില്ലെങ്കിലും അതുടനുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആശ്വസിക്കാന്‍ വകയില്ല. ചൈനീസ് മാതൃകയില്‍ പകരത്തിന് പകരം തീരുവ പ്രഖ്യാപനം ഇന്ത്യ നടത്തില്ല. പുതിയ വ്യാപാര ഉടമ്പടിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കംബോഡിയ, തെക്കന്‍ കൊറിയ, തായ്വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തീരുവയുടെ ചൂടില്‍ വാടിയിരിക്കുകയാണ്.

അനുനയ സാധ്യതകള്‍ പ്രതീക്ഷിച്ച് ഇന്നലെ അല്‍പ്പം മുന്നേറ്റ നടത്തിയ ഏഷ്യന്‍ യൂറോപ്യന്‍ ഓഹരി വിപണികള്‍ വീണ്ടും ഇടിയുകയാണ്. ഇന്ന് ഏഷ്യന്‍ വിപണികളെല്ലാം നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണികളും താഴേക്ക് വീഴുകയാണ്. ആഗോള മാന്ദ്യ സൂചനകള്‍ ശക്തമാകുമ്പോഴും അമേരിക്ക വീണ്ടും സമ്പന്നമാകുമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ട്രംപ്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media