ലഖ്‌നൗ: സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ (Yogi Adithyanath) വിജയം. . 37 വര്‍ഷത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ഒരു തുടര്‍ഭരണം ഉണ്ടാകുന്നത്. 1985ല്‍ കോണ്‍ഗ്രസാണ് അവസാനമായി ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ ബഹദുര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്.
അപ്രതീക്ഷിതമായാണ് ഉത്തര്‍പ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തര്‍പ്രദേശിനെ നയിക്കാന്‍ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തില്‍ യോഗി നയങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തര്‍പ്രദേശില്‍ ഇക്കുറി മോദി ആദ്യം പിന്നില്‍ നിന്നു. വികസനം തുടക്കത്തില്‍ ചര്‍ച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിന്റെ ആയുധങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.
രണ്ടാം കൊവിഡ് തരംഗത്തില്‍ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷന്‍, കര്‍ശന പോലീസ് നടപടികള്‍ തുടങ്ങിയ മേന്മകള്‍ അവകാശപ്പെട്ട് പഴി ദോഷങ്ങളുടെ കറകളയാന്‍ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചര്‍ച്ച ദേശീയ രാഷ്ടീയത്തില്‍ തുടങ്ങി വയ്ക്കാന്‍ കഴിഞ്ഞതും ആ മെയ് വഴക്കത്തിന്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയില്‍ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനില്‍ക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാര്‍ട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാന്‍ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.