തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയില്‍ നിന്നാണ് വക്കം പുരുഷോത്തമന്‍ രാഷ്ട്രീയത്തിലേക്കെത്തിയത്. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. ദീര്‍ഘകാലം ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
വക്കം പുരുഷോത്തമന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു. കൃഷി, ആരോഗ്യം, ടൂറിസം, തൊഴില്‍, ധനകാര്യം എന്നീ വകുപ്പുകളില്‍ വക്കം കയ്യൊപ്പു ചാര്‍ത്തി. അതേസമയം, വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ഷംസീര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.