എന്നെ 'മേനവനേ' എന്ന് വിളിക്കുന്ന ജേഷ്ഠ സഹോദരന്‍;
ബിച്ചു തിരുമലയുടെ ഓര്‍മയില്‍ ബാലചന്ദ്ര മേനോന്‍.
ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ്, സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്ത സിനിമയിലെയും പാട്ടിന്റെ വരികളും ആദ്യമായി പാടിയ പാട്ടിന്റെ വരികളും ബിച്ചു തിരുമലയുടേതാണെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ് ...അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരന്‍ ..( ജയവിജയ - സംഗീതം ) എന്നെ ജനകീയ സംവിധായകനാക്കിയ 'അണിയാത്തവളകളില്‍ ..... സംഗീതാസ്വാദകര്‍ക്കു 'ഒരു മയില്‍പ്പീലി ' സമ്മാനിച്ച പ്രതിഭാധനന്‍ ......എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ' ഒരു പൈങ്കിളിക്കഥ ' യിലൂടെ ഞാന്‍ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം ...... എക്കാലത്തെയും ജനപ്രിയ സിനിമകളില്‍ ഒന്നായ 'ഏപ്രില്‍ 18 ' ലൂടെ 'കാളിന്ദീ തീരം ' തീര്‍ത്ത സര്‍ഗ്ഗധനന്‍ ......എന്തിന് ? രവീന്ദ്ര സംഗീതത്തിന് തുടക്കമിട്ട 'ചിരിയോ ചിരി' യില്‍ 'ഏഴുസ്വരങ്ങള്‍....' എന്ന അക്ഷരക്കൊട്ടാരം തീര്‍ത്ത കാവ്യശില്‍പ്പി .....ഏറ്റവും ഒടുവില്‍ എന്റെ സംഗീത സംവിധാനത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട 'കൃഷ്ണ ഗോപാല്‍കൃഷ്ണ 'എന്ന ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ ദിനങ്ങള്‍ ...് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഈ വാര്‍ത്ത കേട്ടപ്പോള്‍ മനസ്സിലൂടെ കടന്നുപോയ ചില ചിതറിയ ചിന്തകള്‍ .... ബിച്ചു ....അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങള്‍ ....എന്നാല്‍ ആ അര്‍ഹതക്കുള്ള അംഗീകാരം നിങ്ങള്‍ക്ക് കിട്ടിയോ എന്ന കാര്യത്തില്‍ എനിക്കും എന്നെപ്പോലെ പലര്‍ക്കും സംശയമുണ്ടായാല്‍ കുറ്റം പറയാനാവില്ല ....തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സില്‍ സജീവമായിത്തന്നെ നില നില്‍ക്കും ....എന്നെ സിനിമയില്‍ 'മേനവനേ ' എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് ഞാന്‍ നിത്യ ശാന്തി നേര്‍ന്നുകൊള്ളുന്നു ....