പുതിയ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ ലക്ഷ്യമിട്ട് ആഗോള കമ്പനികള്‍
മുംബൈ: ഓണ്‍ലൈന്‍ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങള്‍ക്കും പുതിയ വഴിയൊരുക്കാന്‍
ആഗോള ടെക് ഭീമന്മാരായ കമ്പനികളില്‍ ചിലത് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സമീപിക്കുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള 'ഗൂഗിള്‍ പേ' ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്‌ഫോമൊരുക്കുന്നത്. അതേസമയം, ചെറുകിട സംരംഭങ്ങള്‍ക്ക് ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ 'ഫെയ്‌സ്ബുക്കി'ന്റെയും ചൈനീസ് കമ്പനിയായ 'ഷവോമി'യുടെയും വാഗ്ദാനം. വാള്‍മാര്‍ട്ട്, ആമസോണ്‍, ആപ്പിള്‍ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയില്‍ സജീവമാകാന്‍ പദ്ധതിയൊരുക്കുകയാണ്.
രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ പോന്നതാണ് ഈ കടന്നുവരവുകള്‍. അതിവേഗം വളരുന്ന ഡിജിറ്റല്‍ പേമെന്റ് വിപണിയാണ് ഇവരെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ കിട്ടാക്കടം ഉയരുന്നതു മുന്‍നിര്‍ത്തി കരുതലോടെയാണ് ഇന്ത്യന്‍ ബാങ്കുകള്‍ വായ്പ വിപണിയെ സമീപിക്കുന്നത്. ഇതിനിടയില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഓണ്‍ലൈന്‍ വായ്പ കമ്പനികളുമായി സഹകരിച്ച് 17 മുതല്‍ 20 ശതമാനം വരെ പലിശയില്‍ ഒറ്റദിവസംകൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ഇത്തരം സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിപണിയാണ് ഷവോമിയുടെ ലക്ഷ്യം. ബാങ്കുകള്‍, ഡിജിറ്റല്‍ വായ്പാ സ്റ്റാര്‍ട്ട്അപ്പുകള്‍ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിന്‍ സൂചിപ്പിച്ചു.
വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തിലാണ് ആമസോണ്‍ തുടക്കത്തില്‍ കണ്ണുവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫിന്‍ടെക് സ്റ്റാര്‍ട്ട്അപ്പായ 'സ്‌മോള്‍കേസ് ടെക്‌നോളജീസി'ല്‍ നാലുകോടി ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
ഡിജിറ്റല്‍ ഗോള്‍ഡ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയ്ക്കു പുറമേയാണ് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിച്ച് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഗൂഗിള്‍പേയില്‍ വഴിയൊരുക്കുന്നത്. 2023-ഓടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വായ്പ വിതരണം 25 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. പേമെന്റ് ബിസിനസ് കൂടുതല്‍ ലാഭകരമല്ലാത്തതും പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടക്കാന്‍ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വായ്പ വിതരണ രംഗത്ത് നിലവില്‍ മുന്നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്.