കൊച്ചി: നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 10 വര്‍ഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തി. എന്നാല്‍ എല്ലാ കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി പ്രതിഭാഗവും മറുപടി എഴുതി നല്‍കി. ഇതിനിടെ കേസിലെ നിര്‍ണായക തെളിവായ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിക്കും ഹൈക്കോടതിക്കും പരാതി നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ രേഖയിലാണ് ദിലീപടക്കമുളളവര്‍ക്കെതിരെ തെളിവുകള്‍ നിരത്തുന്നത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരന്‍ അനൂപിനോട് പറഞ്ഞത്. കൃത്യം നടത്തിയശേഷം അടുത്ത ഒരു വര്‍ഷത്തേക്ക് ഫോണ്‍ അടക്കം യാതൊരു രേഖകളും ഉണ്ടാകരുതെന്ന് അനൂപും പറയുന്നുണ്ട്. 2018 മേയില്‍ ആലുവ പൊലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോള്‍ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എവി ജോര്‍ജ്, എഡിജിപി സന്ധ്യാ എന്നിവര്‍ക്കായി രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിട്ടുണ്ട് സലീം എന്ന എന്‍ ആര്‍ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്. കോടതിയില്‍ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്റെ മൊഴിയിലുണ്ട്. എന്നാല്‍ അക്കാര്യം ചോദിച്ചപ്പോള്‍ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികള്‍ മറുപടി വാദം എഴുതി നല്‍കിയിരിക്കുന്നത്. എന്‍ ആര്‍ ഐ ബിസിനസുകാരന്റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ഇതിനിടെ പീഡനദൃശ്യങ്ങള്‍ വിചാരണക്കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണം പരിശോധിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി - ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കുമാണ് കത്ത് നല്‍കിയിരിക്കുന്നത്.