മുംബൈ: മഹാരാഷ്ട്ര ഔറംഗബാദില്‍ അബദ്ധം പിണഞ്ഞ കര്‍ഷകന്‍ വെട്ടില്‍. അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയ 15 ലക്ഷം രൂപ പ്രധാനമന്ത്രി നല്‍കിയതാണെന്ന് വിശ്വസിച്ച് വീടുപണി തുടങ്ങിയ കര്‍ഷകനാണ് വെട്ടിലായത്. ഔറംഗാബാദ് ജില്ലയിലെ പൈത്തന്‍ താലൂക്കിലെ കര്‍ഷകന്‍ ജ്ഞാനേശ്വര്‍ ഓടെയുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് ആറുമാസം മുമ്പ് 15 ലക്ഷം രൂപയെത്തിയത്. പ്രധാനമന്ത്രി നല്‍കിയതാണെന്നുകരുതി ജ്ഞാനേശ്വര്‍ പണമെടുത്ത് വീടുപണി തുടങ്ങി. എന്നാല്‍ അബദ്ധം മനസ്സിലാക്കി ബാ്ങ്ക് നോട്ടീസ് അയച്ചതോടെ കര്‍ഷകന്‍ ദുരിതത്തിലായി. പണം എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം.
കഴിഞ്ഞ ഓഗസ്റ്റിലാണ് ജ്ഞാനേശ്വറിന്റെ ബാങ്ക് ഓഫ് ബറോഡയിലെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ ക്രെഡിറ്റ് ആയത്. തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം നടപ്പാക്കിയതില്‍ ജ്ഞാനേശ്വര്‍ നന്ദിയറിയിച്ച് മോദിക്ക് കത്തെഴുതുക പോലും ചെയ്തു. ഒമ്പതുലക്ഷം രൂപ പിന്‍വലിച്ച് വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം സത്യാവസ്ഥ അറിഞ്ഞത്. പിമ്പല്‍വാടി പഞ്ചായത്തിന്റെ പണം അബദ്ധത്തില്‍ ജ്ഞാനേശ്വറിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് നിക്ഷേപിക്കുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് ജ്ഞാനേശ്വറിന് നോട്ടീസ് അയച്ചു. തുടര്‍ന്ന് അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന ആറുലക്ഷം ജ്ഞാനേശ്വര്‍ തിരിച്ചടച്ചു. ഒമ്പതുലക്ഷം രൂപ എങ്ങനെ തിരിച്ചടക്കണമെന്ന ആശങ്കയിലാണ് അദ്ദേഹം.