തിരുവനന്തപുരം: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടും. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. എന്നാല്‍ അനാരോഗ്യം കാരണമാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു.
പക്ഷെ വിസി തന്റെ അസാന്നിധ്യത്തില്‍ പരിപാടിയില്‍ പ്രോ വൈസ് ചാന്‍സലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്യാത്തതിലും വിസിയോട് ചാന്‍സലര്‍ വിശദീകരണം തേടിയിരുന്നു. ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സെമിനാര്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം വിസിയടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ പാസ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.