ദില്ലി: തവാങ് സംഘര്‍ഷത്തില്‍ ഇതാദ്യമായി പ്രതികരണവുമായി ചൈനയുടെ പ്രതികരണം. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈന പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇത് ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ചൈനയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘര്‍ഷത്തെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.
''ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിതി സാധാരണനിലയിലാണ്,'' വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു, നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്നത്തില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തുണ്ട്.
ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടിയതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും നിസാര പരിക്കേറ്റതായി സൈന്യം അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ 200-ലധികം ചൈനീസ് സൈനികര്‍ ആയുധങ്ങളുമായി ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടിയതായി കഴിഞ്ഞ ദിവസമാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയത്. കിഴക്കന്‍ ലഡാക്കില്‍ ഇരുപക്ഷവും തമ്മില്‍ 30 മാസത്തിലേറെയായി തുടരുന്ന അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എല്‍എസിക്ക് സമീപം യാങ്സെയ്ക്ക് സമീപം ഏറ്റുമുട്ടല്‍ നടന്നത്.