കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു. തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. ആന മണിക്കൂറായി അനിമല്‍ ആംബുലന്‍സിലായിരുന്നു. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.
അതേസമയം, അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിര്‍ദേശം മാറ്റിയത്.