അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ട അവസാന സമയപരിധി ഇന്ന്; വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്
അബുദാബി: അബുദാബിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. സിനോഫാം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുള്ളത്. ഇതിനായി ആനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പീരിഡാണ് സെപ്റ്റംബര്‍ 20ന് അവസാനിക്കുന്നത്.
ആറ് മാസത്തിന് മുമ്പ് വാക്‌സിനെടുത്തവര്‍ക്ക് അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ സ്റ്റാറ്റസ് അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രേ ആയി മാറും. ഇതോടെ വിവിധ പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെല്ലം നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിനോഫാം ഒഴികെയുള്ള മറ്റ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് ഇതുവരെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്നും അബുദാബി മീഡിയാ ഓഫീസ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.