ദില്ലി: ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നല്‍കി. വെടിനിര്‍ത്തലിന് പിന്നില്‍ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ട നിലയില്‍ വ്യാപാര ചര്‍ച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാന്‍ നടത്തുന്ന ആണവ ബ്ലാക്‌മെയിലിന് മുന്നില്‍ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ദില്ലിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുന്നോട്ടുവച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ആണവായുധ ബ്ലാക്‌മെയില്‍ മറയാക്കാന്‍ അനുവദിക്കില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല. പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക മാത്രമാണ് ഏക കശ്മീര്‍ വിഷയം. പാകിസ്ഥാന്‍ സൈനിക നീക്കം നിര്‍ത്തിയത് ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ്. ചര്‍ച്ച നടന്നത് ഡിജിഎംഒ തലത്തില്‍ മാത്രമാണ്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തില്‍ വ്യാപാരം ചര്‍ച്ചയായിട്ടില്ല. പാകിസ്ഥാനാണ് സംഘര്‍ഷം തീര്‍ക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത്. ടിആര്‍എഫിനെ നിയന്ത്രിച്ചത് ലഷ്‌കര്‍-ഇ-തൊയ്ബയാണ്. രണ്ട് വര്‍ഷം മുന്‍പ് ടിആര്‍എഫിനെക്കുറിച്ച് ഇന്ത്യ യുഎന്നിന് മുന്‍പില്‍ തെളിവ് വച്ചതാണ്. ലഭ്യമായ കൂടുതല്‍ തെളിവുകള്‍ യുഎന്നിന് കൈമാറും.
പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ്. ഇനിയും പാകിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കും. ഒമ്പതാം തീയതി വലിയ ആക്രമണമാണ് ഇന്ത്യക്ക് എതിരെ പാകിസ്ഥാന്‍ അഴിച്ചുവിട്ടത്. അതിനെ സുശക്തമായി നേരിട്ട് അവരുടെ വ്യോമപ്രതിരോധ സംവിധാനത്തിന് കനത്ത നാശം സംഭവിച്ചപ്പോള്‍ പാകിസ്ഥാന്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. 10-ന് രാവിലെ പാക് വ്യോമത്താവളങ്ങള്‍ പലതും തകര്‍ന്നതിനാലാണ് പാകിസ്ഥാന്‍ ഇങ്ങോട്ട് ചര്‍ച്ചയ്ക്ക് സമീപിച്ചത്. ഇതിനെല്ലാം ഉപഗ്രഹചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അതാര്‍ക്കും വാങ്ങി പരിശോധിക്കാമെന്നും ഇന്ത്യ. ഇതിനെല്ലാം ഉപഗ്രഹ ചിത്രങ്ങള്‍ തെളിവായി ഉണ്ട്. അത് ആര്‍ക്കും വാങ്ങി പരിശോധിക്കാം. വിജയിക്കുന്നത് ഞങ്ങളുടെ ശീലമാണ്. ഞങ്ങള്‍ എന്നും വിജയിച്ചിട്ടേയുള്ളൂ. തോറ്റാലും ജയിച്ചു എന്ന് പറയുന്നതാണ് പാകിസ്ഥാന്റെ ശീലമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ ഇന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.