ഓണ്‍ലൈന്‍ ഗെയിമുകളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ടോ? സമ്മാനത്തുകയ്ക്ക് നികുതി അടയ്ക്കണം
കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകളിലോ ടിവി ഗെയിം ഷോകളിലെ പങ്കെടുത്ത് വിജയിച്ച് നേടിയ സമ്മാനത്തുകയ്ക്ക് നികുതി ബാധകമാണ്. ഫസ്റ്റ് പേഴ്‌സണ്‍ ഗെയിം, സ്ട്രാറ്റജി ഗെയിം, മള്‍ട്ടിപ്ലെയര്‍ റോള്‍ പ്ലേയിങ് ഗെയിം തുടങ്ങിയ ഓണ്‍ലൈന്‍ ഗെയിമുകളും ക്വിസ്, ഡാന്‍സ്, ഗെയിമുകള്‍, ആലാപന മത്സരങ്ങള്‍, ഫാന്റസി സ്‌പോര്‍ട്‌സ് തുടങ്ങിയ ടിവി ഷോ മത്സരങ്ങളിലും ഇതില്‍ ഉള്‍പ്പെടും. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 115 ബിബി പ്രകാരമാണ് നികുതി ചുമത്തുന്നത്.
ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇതിനെ 'മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനം' എന്നായാണ് തരംതിരിക്കുന്നത്. ലോട്ടറികള്‍, ക്രോസ്വേഡ് പസിലുകള്‍, റേസിങ്, കാര്‍ഡ് ഗെയിമുകള്‍, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയില്‍ നിന്നുള്ള സമ്മാനത്തുക ഇതില്‍ ഉള്‍പ്പെടും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194 ബി അനുസരിച്ച് ഗെയിമില്‍നിന്നുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകയ്ക്ക് 30 ശതമാനം വരെ ടിഡിഎസ് ചുമത്തും. സെസിനും സര്‍ചാര്‍ജിനും ശേഷം 31.2 ശതമാനമായിരിക്കും ടിഡിഎസ് നിരക്ക്. സമ്മാനം തുക നല്‍കുന്ന കോര്‍പ്പറേഷന് അല്ലെങ്കില്‍ ഓര്‍ഗനൈസേഷന് ഈ ടിഡിഎസ് കുറയ്ക്കും.
ഗെയിം നടത്തുന്ന സ്ഥാപനങ്ങള്‍ ഗെയിം കളിക്കുന്നവരുടെ പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സൂക്ഷിക്കണം. കൂടാതെ ഗെയിം കളിക്കുന്നയാളുടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വരുമാനവും വെളിപ്പെടുത്തേണ്ടതുണ്ട്. പാന്‍ കാര്‍ഡ് സമര്‍പ്പിച്ച ഗെയിമര്‍ക്ക് ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനികളുടെ ഉറവിടത്തില്‍നിന്നുള്ള നികുതിയിളവ് ഫോം -26 എഎസില്‍ ആണ് രേഖപ്പെടുത്തുക. അതേസമയം ടിഡിഎസ് നികുതി വരുമാനത്തേക്കാള്‍ കൂടുതലാണെങ്കില്‍ നികുതിദായകര്‍ക്ക് നികുതി റീഫണ്ടിന് അര്‍ഹതയുണ്ട്.