ബിറ്റ്‌കോയിനെ അംഗീകൃത കറന്‍സിയാക്കി എല്‍ സാല്‍വദോര്‍
എല്‍ സാല്‍വദോറിലെ അംഗീകൃത കറന്‍സിയായി ഇനി ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനും ഉണ്ടായിരിക്കും. എല്‍ സാല്‍വദോര്‍ കോണ്‍ഗ്രസ് ആണ് ഈ തീരുമാനം എടുത്തത്. .ക്രിപ്‌റ്റോകറന്‍സികളിലെ വമ്പന്‍മാരായ ബിറ്റ്‌കോയിന് അടുത്തിടെയുണ്ടായ തിരിച്ചടികള്‍ നിക്ഷേപകരെ ശരിക്കും ആശങ്കയിലാക്കുന്നും ഉണ്ട്. ഈ ആശങ്കകള്‍ക്കിടെയാണ്, ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം വരുന്നത്. ബിറ്റ്‌കോയിനെ ഒരു രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. എല്‍ സാല്‍വദോര്‍ ആണ് ബിറ്റ്‌കോയിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചരിത്രത്തില്‍ ഇടം നേടിയത്.
എല്‍ സാല്‍വദോറിലെ അംഗീകൃത കറന്‍സിയായി ഇനി ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനും ഉണ്ടായിരിക്കും. എല്‍ സാല്‍വദോര്‍ കോണ്‍ഗ്രസ് ആണ് ഈ തീരുമാനം എടുത്തത്. വന്‍ ഭൂരിപക്ഷത്തോടെയാണ് തീരുമാനം പാസാക്കപ്പെട്ടത്. എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയ്യിബ് ബുകേലെ ബിറ്റ്‌കോയിനെ പിന്തുണയ്ക്കുന്ന ആളായിരുന്നു. ഇത് സംബന്ധിച്ച ബില്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കോണ്‍ഗ്രസിലെ 84 പേരില്‍ 62 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു.
ബിറ്റ്‌കോയിനെ അംഗീകരിക്കുന്നതോടെ രാജ്യത്തിന് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാകും എന്നാണ് പ്രസിഡന്റിന്റെ പ്രതീക്ഷ. വിദേശത്ത് ജോലി ചെയ്യുന്ന പൗരന്‍മാര്‍ അയക്കുന്ന പണം ആണ് എല്‍ സാല്‍വദോറിന്റെ സമ്പദ് ഘടനയുടെ നട്ടെല്ല്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ബിറ്റ്‌കോയിന്‍ വഴിയും നാട്ടിലേക്ക് പണം അയക്കാന്‍ കഴിയും. ഓരോ ഇടപാടിന്റേയും സമയത്തെ ബിറ്റ്‌കോയിന്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ ഡോളര്‍ തന്നെയാണ് എല്‍ സാല്‍വദോറിലെ കറന്‍സി.
എല്‍ സാല്‍വദോര്‍ ചരിത്രപരമായ തീരുമാനം വോട്ടെടുപ്പില്‍ പാസാക്കിയപ്പോള്‍, അതിന്റെ പ്രതിഫലനം ബിറ്റ്‌കോയിന്‍ മൂല്യത്തിലും പ്രകടമായി. മൂല്യത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റയടിക്കുണ്ടായത്. ഇപ്പോള്‍ 34,239.17 ഡോളര്‍ ആണ് ബിറ്റ്‌കോയിന്റെ മൂല്യം.