ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായി
25 ഓളം ആംബുലന്‍സുകളുടെ സൈറണ്‍ മുഴക്കിയുള്ള വിലാപയാത്ര; പൊലീസ് കേസെടുത്തു
ആലപ്പുഴ: വിലാപയാത്രക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങിയ ആംബുലന്‍സുകളുടെ സൈറണ്‍ മുഴക്കി സഞ്ചാരം. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആംബുലന്‍സുകള്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പ്പെടെ 4 പേര്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന അപകടത്തിലാണ് മരിച്ചത്. മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകളുടെ സഞ്ചാരമുണ്ടായത്.
രോഗികള്‍ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറന്‍ മുഴക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ആംബുലന്‍സുകള്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് കേസ്. ആംബുലന്‍സുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടറും ആര്‍ടിഒയും വ്യക്തമാക്കി.