കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായക ഘട്ടത്തിന് തുടക്കമിട്ട് കെഎംആര്‍എല്‍. നെടുമ്പാശേരിയിലേക്ക് ഭൂഗര്‍ഭപാതയാണ് മെട്രോ നിര്‍മിക്കുന്നത്. അങ്കമാലിയിലേക്ക് പുതിയ മെട്രോ പാത നിര്‍മിക്കാന്‍ പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചു. രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് മൂന്നാം ഘട്ടത്തിന്റെ ടെന്‍ഡര്‍ കെഎംആര്‍എല്‍ ക്ഷണിച്ചിരിക്കുന്നത്.
ആലുവയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് മെട്രോ മൂന്നാം ഘട്ടം നീട്ടുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും കൂടി പ്രയോജനം ചെയ്യുന്ന പദ്ധതിയായി ഇത് മാറും. മെട്രോ സ്റ്റേഷനില്‍ നിന്ന് നിലവില്‍ വിമാനത്താവളത്തിലേക്ക് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള യത്ര എളുപ്പമാകും.
നിലവില്‍ ആലുവ വരെയാണ് കൊച്ചി മെട്രോ പാതയുള്ളത്. ഇവിടെ നിന്ന് 18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാതയാണ് അങ്കമാലിയിലേക്ക് നീട്ടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തില്‍നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചതോടെയാണ് ഡിപിആര്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഡിപിആറിനുളള ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയ പരിധി. ഫെബ്രുവരി 19ന് ടെന്‍ഡര്‍ തുറക്കും. ആറു മാസത്തിനകം ഡി പി ആര്‍ സമര്‍പ്പിക്കണം. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍നിന്ന് വിഭിന്നമായി മൂന്നാം ഘട്ടത്തില്‍ റോളിങ് സ്റ്റോക്ക് രീതി ഉപയോഗിക്കാനാകുമോ എന്നത് സംബന്ധിച്ച് ഡിപിആര്‍ കണ്‍സള്‍ട്ടന്റ് സാധ്യതാ പഠനം നടത്തും.കൊച്ചി നഗരത്തിന് തിലകക്കുറിയായി മാറുന്ന പദ്ധതിയാകും ആലുവ നെടുമ്പാശേരി മെട്രോ പാത. വിമാനത്താവളത്തില്‍ നിന്ന് അങ്കമാലിയിലേക്കും ആലുവയിലേക്കും വേഗത്തില്‍ പോകാമെന്നതുകൊണ്ട് തന്നെ വിമാന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാന്‍ കഴിയുന്ന യാത്രാ മാര്‍ഗമായി ഇത് മാറും. ആലുവയില്‍നിന്ന് ദേശീയപാത 544ലൂടെ നീളുന്ന മെട്രോ പാത അകപ്പറമ്പിലെ അലീന വളവ് മേഖലയില്‍നിന്ന് തിരിഞ്ഞുപോകുന്ന വിധത്തിലാണ് പദ്ധതിയിടുന്നത്.