യുഎസില്‍ കുട്ടികള്‍ക്കും വാക്‌സിന്‍; ഫൈസറിന് അംഗീകാരം
വാഷിങ്ടന്‍ ∙ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക ചുവടുവയ്പുമായി യുഎസ്. 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കു ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യുഎസ് അംഗീകാരം നല്‍കി. ഇതോടെ 2.8 കോടി കുട്ടികള്‍ക്കു വാക്‌സീന്‍ ലഭിക്കും.
വിദഗ്ധ സമിതി ഈയാഴ്ച വാക്‌സീന് അംഗീകാരം നല്‍കി സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ചൈന, ചിലെ, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് അമേരിക്ക കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ഒരുങ്ങുന്നത്. മൂന്നാഴ്ച ഇടവേളയില്‍ രണ്ട് ഡോസാണു നല്‍കുക.
മാതാപിതാക്കളും സ്‌കൂള്‍ ജീവനക്കാരും കുട്ടികളും വാക്‌സീനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഒരമ്മയെന്ന നിലയില്‍ തനിക്കറിയാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. കുട്ടികള്‍ക്കു കൂടി വാക്‌സീന്‍ നല്‍കുന്നതോടെ ജീവിതം സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
2,000 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ വാക്‌സീന്‍ പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തിയുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. വാക്‌സീന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളിലും പഠനം നടത്തി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.