കെഎസ്ആര്‍ടിസിക്ക് 1,800 കോടി
ഇ-ഓട്ടോകള്‍ക്ക് 30000 രൂപ സബ്‌സിഡി
തിരുവനന്തപുരം: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ സാമ്പത്തിക താങ്ങിനിര്‍ത്തുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിലുണ്ടായത്. ടൂറിസം മേഖലയ്‌ക്കൊപ്പം കെഎസ്ആര്‍ടിസിക്കും ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. പെന്‍ഷനും ശമ്പള വിതരണത്തിനുമായി കെഎസ്ആര്‍ടിസിക്ക് ആകെ 1800 കോടി നീക്കി വയ്ക്കും. മൂവായിരം ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അന്‍പത് കോടി അനുവദിക്കും.
ഇതുകൂടാതെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിലവില്‍ രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആദ്യത്തെ അഞ്ച് വര്‍ഷം അന്‍പത് ശതമാനം നികുതി അടച്ചാല്‍ മതിയാകും. കൂടാതെ കേരള ഓട്ടോമൊബൈല്‍സ് നിര്‍മ്മിക്കുന്ന പതിനായിരം ഇ ഓട്ടോകള്‍ക്ക് 30000 രൂപ സബ്‌സിഡിയായി നല്‍കും. വൈദ്യുതി വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത് 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തയ്യാറാക്കും