ഉച്ചവിശ്രമ നിയമം ലംഘിച്ചു; ഖത്തറില്‍ 106 കമ്പനികള്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 106 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. പരിശോധനയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ തൊഴില്‍ സ്ഥലങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടു.
ജൂലൈ ഒന്നു മുതല്‍ 31 വരെ അധികൃതര്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ കോണ്‍ട്രാക്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിലേറെയും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ പ്രവര്‍ത്തിച്ചതിന് ജൂണ്‍ മാസത്തില്‍ 232 തൊഴില്‍ സ്ഥലങ്ങള്‍ മന്ത്രാലയം അടപ്പിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഖത്തറില്‍ ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്.