മലയാളി സംരംഭകന്റെ 'കൊട്ടാരം' വാങ്ങി
ടാറ്റ; മുടക്കിയത് 155.8 കോടി രൂപ
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകന്‍ പ്രശാന്ത് പരമേശ്വരന്റെ കൊട്ടാരം അഗ്രോ ഫുഡ്‌സ് (കെഎഎഫ്) ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ടിസിപിഎല്‍) ഏറ്റെടുക്കുന്നു. നാടന്‍ ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുന്ന സ്റ്റാര്‍ട്ടപ്പ് ആണ് കെഎഎഫ്. 155.8 കോടി രൂപയ്ക്കാണ് കെഎഎഫിന്റെ 100 ശതമാനം ഓഹരികളും ടാറ്റ സ്വന്തമാക്കിയത്. ഇതുസംബന്ധിച്ച കരാറില്‍ ഇരുക്കൂട്ടരും ഒപ്പുവച്ചതായി ടിസിപിഎല്‍ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 31 നകം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013ല്‍ ആരംഭിച്ച 'സോള്‍ഫുള്‍' ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള സംരംഭമാണ് കൊട്ടാരം അഗ്രോ ഫുഡ്‌സ്. പ്രശാന്ത്, ഭാര്യ രസിക പ്രശാന്ത്, കെകെ നാരായണന്‍, അമിത് സെബാസ്റ്റ്യന്‍ എന്നിവരാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഈ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകര്‍. 2020ല്‍ മാത്രം 39.38 കോടി രൂപയുടെ വിറ്റുവരവാണ് കെഎഎഫ് നേടിയത്. 2019ല്‍ ആവിഷ്‌കര്‍ ക്യാപിറ്റല്‍ എട്ട് മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് കെഎഎഫിന്റെ 45 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ 43 ശതമാനം ഓഹരി മാത്രമാണ് പ്രശാന്തിനുള്ളത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഹെല്‍ത്തി ഫുഡ് പ്രൊഡക്റ്റ്‌സ് ആണ് കെഎഎഫ് തയ്യാറാക്കുന്നത്. ആരോഗ്യ ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ബ്രാന്‍ഡിന് ഇന്ത്യയിടുനീളമുള്ള നഗര വിപണികളില്‍ ശക്തമായ സാന്നിധ്യമുണ്ട്. പഞ്ചാബിലേക്കുള്ള യാത്രയാണ് പ്രശാന്തിനെ കാര്‍ഷിക ഉല്‍പന്ന വിപണിയിലേക്ക് ആകര്‍ഷിച്ചത്. അവിടെവച്ച് കുടുംബസുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹം ഒരു അഗ്രിടെക് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബോസ്റ്റണില്‍ പോയി എംബിഎ പൂര്‍ത്തിയാക്കി. വര്‍ഷങ്ങളോളം കാര്‍ഷിക ഭക്ഷ്യ വിപണിയെക്കുറിച്ച് പഠിച്ചശേഷമാണ് അദ്ദേഹം കൊട്ടാരം അഗ്രോ ഫുഡ്‌സ് ആരംഭിച്ചത്
ആലപ്പുഴ മങ്കൊമ്പിലെ കൊട്ടാരം തറവാട്ടിലെ അംഗമാണ് പ്രശാന്ത് പരമേശ്വരന്‍. രാജ്യത്ത് ഹരിതവിപ്ലവത്തിന് തുടക്കമിട്ട എംഎസ് സ്വാമിനാഥന്റെ കുടുംബത്തിലെ ഇളമുറക്കാരന്‍ കൂടിയാണദ്ദേഹം. കൊച്ചിയില്‍ ജനിച്ച് വളര്‍ന്ന പ്രശാന്ത് വടുതല ചിന്‍മയ വിദ്യാലയത്തിലാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടി.