ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇടിവ്


2021 ഒക്ടോബറിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ ഇരുചക്ര വാഹന വ്യവസായ മേഖലയ്ക്ക് വമ്പന്‍ വില്‍പ്പന ഇടിവെന്ന് റിപ്പോര്‍ട്ട് . രാജ്യത്തെ ആറ് പ്രധാന ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പന ഡാറ്റ പ്രകാരം, 2021 ഒക്ടോബറില്‍, മൊത്തം 14,77,313 യൂണിറ്റുകള്‍ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഒക്ടോബറില്‍ 19,85,690 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍.

തുടര്‍ച്ചയായി കുതിച്ചുയരുന്ന പെട്രോള്‍ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വില്‍പ്പന തകര്‍ച്ചയുടെ മുഖ്യ കാരണമായി കണക്കാക്കുന്നത്. സാധാരണഗതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗമാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ മാര്‍ക്കറ്റ്. ഈ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നല്ലൊരു പങ്കും ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവിലയുടെ ചൂട് ഈ മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചെന്നാണ് കരുതുന്നത്.  രാജ്യത്തെ പ്രധാനപ്പെട്ട ആറ് ടൂവിലീര്‍ നിര്‍മ്മാതാക്കളുടെ ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കാം.

ഹീറോ മോട്ടോകോര്‍പ്പ്
നിലവില്‍ രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ 35 ശതമാനം വിഹിതമുള്ള ഹീറോ മോട്ടോകോര്‍പ്പ്, കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ 5,27,779 യൂണിറ്റുകള്‍ വിറ്റു.  2020 ഒക്ടോബറില്‍ 7,91,137 ആയിരുന്നു വിറ്റത്. ഇതോടെ കമ്പനി വാര്‍ഷിക അടിസ്ഥാനത്തില്‍ 33 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ മാസം 22,317 യൂണിറ്റുകള്‍ വിറ്റഴിച്ച് പ്രതിമാസ വളര്‍ച്ചയില്‍ നാല് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി എന്നത് അല്‍പ്പം ആശ്വാസത്തിന് ഇട നല്‍കുന്ന കാര്യമാണ്. 

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ
മൊത്തം 3,94,623 യൂണിറ്റ് വിറ്റ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) കഴിഞ്ഞ മാസം 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.  2020 ഒക്ടോബറില്‍  4,94,459 എണ്ണമായിരുന്നു വിറ്റത്. കമ്പനിയുടെ പ്രതിമാസ വില്‍പ്പനയും മെച്ചപ്പെട്ടില്ല. 2021 സെപ്റ്റംബറില്‍ 4,63,379 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 15 ശതമാനത്തിന്റെതാണ് ഇടിവ്. 

ടിവിഎസ് മോട്ടോര്‍ കമ്പനി
14.24 ശതമാനം വിപണി വിഹിതമുള്ള മൂന്നാം സ്ഥാനക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ മാസം മൊത്തം 2,58,777 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റു. 2020 ഒക്ടോബറില്‍ 3,01,380 എണ്ണം ആയിരുന്നു വിറ്റത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം ഇടിവ് . എന്നാല്‍ 2021 സെപ്റ്റംബറിലെ 2,44,084 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ പ്രതിമാസ വില്‍പ്പന ആറ് ശതമാനം ഉയര്‍ന്നു.

ബജാജ് ഓട്ടോ
പൂനെ ആസ്ഥാനമായുള്ള ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ആഭ്യന്തര ഇരുചക്രവാഹന വിപണിയില്‍ 2021 ഒക്ടോബറില്‍ മൊത്തം 198,738 ബൈക്കുകള്‍ വിറ്റു. 2020 ഒക്ടോബറില്‍ 2,68,631 എണ്ണം വിറ്റ സ്ഥാനത്താണിത്. 26 ശതമാനം ആണ് വില്‍പ്പന ഇടിവ്.  ഇന്ധന വിലവര്‍ദ്ധനവ് ആദ്യം ബാധിക്കുന്നത് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മാര്‍ക്കറ്റിനെയാണ്. ഈ പ്രശ്‌നം ബജാജിനെ കാര്യമായി ബാധിച്ചുവെന്നു വേണം കരുതാന്‍. അതേസമയം എക്‌സിക്യൂട്ടീവ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ താരതമ്യേന എണ്ണവില ബാധിച്ചിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡ്
ഐക്കണിക്ക് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ മാസം 40,611 മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. 2020 ഒക്ടോബറില്‍ ഇത് 62,858 യൂണിറ്റായിരുന്നു ഇത്.  35 ശതമാനമാണ് രേഖപ്പെടുത്തിയ  പ്രതിവര്ഷ ഇടിവ്. അതേസമയം ചെന്നൈ ആസ്ഥാനമായുള്ള ഈ കമ്പനി 49 ശതമാനം പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്തി. നവീകരിച്ച എഞ്ചിന്‍, ഷാസി, പുതിയ ഫീച്ചറുകള്‍ എന്നിവ സഹിതം സെപ്തംബര്‍ 1 ന് പുറത്തിറക്കിയ പുതിയ ക്ലാസിക് 350, ഇന്ത്യയിലുടനീളമുള്ള ഇടത്തരം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ വളരെയധികം ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ
കഴിഞ്ഞ മാസം 56,785 യൂണിറ്റുകള്‍ വിറ്റ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വാര്‍ഷിക വില്‍പ്പനയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഒക്ടോബറില്‍  67,225 ആയിരുന്നു വിറ്റത്. പ്രതിമാസ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സുസുക്കി രണ്ട് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.  2021 സെപ്റ്റംബറില്‍  55,608 യൂണിറ്റുകല്‍ വിറ്റ സ്ഥാനത്ത് ഒക്ടോബറില്‍ 1,177 യൂണിറ്റുകള്‍ കൂടി കമ്പനി അധികം വിറ്റു. 

ഒക്ടോബറിലെ ഉയര്‍ന്ന വില്‍പ്പന ഇടിവ് ആശങ്കാജനകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ധനവില കുറയുന്നില്ലെങ്കില്‍, ഇരുചക്രവാഹന വിഭാഗത്തിലെ മൊത്തത്തിലുള്ള വില്‍പ്പന എണ്ണം ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  വാഹന ഉടമസ്ഥതയുടെ വര്‍ദ്ധിച്ചുവരുന്ന ചിലവും വ്യാപകമായ ഇന്ധന വില വര്‍ദ്ധനവും ഉപഭോക്തൃ വികാരങ്ങളെ ബാധിച്ചതായിട്ടാണ് വിലയിരുത്തല്‍.  കൊവിഡ് അണുബാധയുടെ കൂടുതല്‍ തരംഗങ്ങളെക്കുറിച്ചുള്ള ഭയം കുറയ്ക്കല്‍,  ആരോഗ്യകരമായ വാക്സിനേഷന്‍ വേഗത, കാര്‍ഷിക മേഖലയിലെ ഉണര്‍വ്, വ്യക്തിഗത മൊബിലിറ്റിക്കുള്ള മുന്‍ഗണന തുടങ്ങിയവ ടൂവീലര്‍ വ്യവസായത്തെ തിരികെയെത്തിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കണക്കുകൂട്ടുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media